ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലം; ചെനാബ് റെയിൽപാലം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ശ്രീനഗര്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലമായ ചെനാബ് ഇന്നു തുറക്കും. ഹിമാലയന്‍ സൗന്ദര്യം ആസ്വദിച്ച് കശ്മീർ താഴ്വരയെ കണ്ടറിഞ്ഞുള്ള  ട്രെയിൻ യാത്രയ്ക്ക് ഇന്ന് മുതല്‍ തുടക്കമാകും. രാജ്യത്തെ ആദ്യത്തെ കേബിൾ നിർമ്മിത പാലം കൂടിയാണ് ചെനാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് രാജ്യത്തിനായി സമർപ്പിക്കുന്നത്. ജമ്മു കശ്മീരിന്റെ ടൂറിസം മേഖലയ്ക്ക് പുതിയ വാതായനങ്ങൾ തുറക്കുകയാണ് ഇന്ത്യ. സമുദ്രനിരപ്പിൽ നിന്ന് 856 മീറ്റർ ഉയരത്തിൽ ഇന്ത്യ തീർത്ത വിസ്മയം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമ്മാനിക്കുകയാണ്.

272 കിലോമീറ്റര്‍ നീളമുള്ള ഉദ്ദംപൂര്‍ കാത്ര ഖാസിഗുണ്ട് വഴി ജമ്മുവിനെ ബാരാമുള്ളയും ശ്രീനഗറുമായി ബന്ധിപ്പിക്കുന്ന പാലം കശ്മീര്‍ റെയില്‍ പദ്ധതിയുടെ ഭാഗമാണ്. കത്രയ്ക്കും ബനിഹാലിനും ഇടയിലെ 111 കിലോമീറ്ററിനെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണി. ശ്രീനഗര്‍ – ജമ്മു റൂട്ടിലൂടെയുള്ള സഞ്ചാരസമയം ഏഴ് മണിക്കൂറായി കുറയും.ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേ പാലമാണ് ചെനാബ് പാലം. കമാനത്തിന് 467 മീറ്റര്‍ നീളം, നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തിലാണ് പാലം സ്ഥിതി ചെയ്യുന്നത്. നദിയില്‍ നിന്നുള്ള ഉയരം പരിഗണിച്ചാല്‍ പാരിസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരമുണ്ട്. ആകെ നീളം 1,315 മീറ്റര്‍.

110 കിലോമീറ്റർ വേഗത്തിൽ തീവണ്ടികൾ ഓടിക്കാവുന്ന പാലത്തിന് 120 വർഷത്തെ ആയുസ്സാണ് പറഞ്ഞിട്ടുള്ളത്. എട്ടുവർഷംകൊണ്ട് 400ലധികം ജീവനക്കാരുടെ കഠിനപ്രയത്‌നത്തിന്റെ സാക്ഷാത്കാരമാണ് ചെനാബ് ആർച്ച് റെയിൽപാലം. ഇന്ത്യ പാക്ക് സംഘർഷ സാഹചര്യത്തിൽ കനത്ത സുരക്ഷയിലാണ് കമ്മീഷനിങ് ചടങ്ങുകൾ നടക്കുക. രണ്ട് വന്ദേ ഭാരത് എക്‌സ്പ്രസ്സുകളും പ്രധാനമന്ത്രി ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *